അദ്ധ്യാപകപരിശീലനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്കായി ചുള്ളിക്കാടിന്റെ ‘നിലച്ച വാച്ച്‘ കൊടുക്കുന്നു
നിലച്ചവാച്ച്
ഇന്നലെരാത്രി എന്റെവാച്ച് നിലച്ചുപോയി
ക്ലാവു പിടിച്ച ഒരു ഹൃദയം
ഇനി എന്റെ കൈത്തണ്ടയില്‍ സ്പന്ദിക്കില്ല
അനുജത്തിയ്ക്ക് ജനിക്കാന്‍ നിമിഷം കൊടുത്തതും
മുത്തശ്ശിയ്ക്ക് മരിക്കാന്‍ മുഹൂര്‍ത്തം കുറിച്ചതും
ഈ വച്ചു തന്നെ
ജാതകത്തിന്റെ കാരണവും
ജീവിതത്തിന്റെ വ്യാകരണവും
ഈ വാച്ചു തന്നെ
നിദ്രയ്ക്കു മുന്‍പ് കാതോര്‍ക്കുമ്പോള്‍
ഈ വാച്ചില്‍ നിന്നും ഇണയുടെ കിതപ്പു കേള്‍ക്കാം
വെടികൊണ്ട പക്ഷിയുടെ ചിറകടി കേള്‍ക്കാം
ഇരുളിലും തിളങ്ങുന്ന പച്ചസൂചികള്‍ക്ക്
അന്യഗൃഹങ്ങളുമായുള്ള അവിശുദ്ധബന്ധമോര്‍ത്ത്
ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്
ടിക് ടിക്-ടിക് ടിക്
അടിമകള്‍ കല്ലുകൊത്തുന്ന ശബ്ദം
യാഗാശ്വങ്ങളുടെ കുളമ്പൊച്ച
ദിഗ്‌വിജയികളുടെ രക്തസ്നാതമായ ശാന്തിമന്ത്രം
പ്രവാചകരുടെ ഹതാശമായ നാഡീസ്പന്ദം
ടിക് ടിക്-ടിക് ടിക്
ഉത്തരം കിട്ടാത്ത മഴകളിലൂടെ
അഭയാര്‍ത്ഥികളുടെ കാലൊച്ച
മരണത്തിലൂടെ വിജയത്തിലേയ്ക്ക്
ചാവേര്‍പ്പടയുടെ സ്വപ്നാടനം
കീഴടക്കപ്പെട്ട ജീവിതത്തിന്
ശത്രുസേനയുടെ കാവല്‍ത്താളം
സമയമായില്ല പോലും !
സമയമായില്ല പോലും !
മെലിഞ്ഞസൂചികള്‍ കൂട്ടിമുട്ടുമ്പോള്‍
ജനതയെ തൂക്കാന്‍ വിധിച്ച്
കോടതി പിരിയുന്നു
ഞാനിനി സമയത്തിന്റെ
വാദിയോ പ്രതിയോ അല്ല
ഇന്നലെ രാത്രി എന്റെ വാച്ച്
നിലച്ചുപോയി
Monday, December 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment